താലപ്പൊലി കുംഭമാസത്തിൽ ഉത്രം നക്ഷത്രം അർദ്ധരാത്രിക്കുള്ള ദിവസം കൊടിയേറ്റം എന്നാണ് വ്യവസ്ഥ. ഉത്രം കൊടിയേറി അഞ്ചാംദിവസം താലപ്പൊലി പാട്ടുതാലപ്പൊലിയായിട്ടാണ് ആഘോഷം. കുംഭം ഉത്രം അർദ്ധരാത്രിക്കുള്ള ദിവസം രണ്ടുവരുമെങ്കിൽ ആദ്യത്തേത് സ്വീകരിക്കുന്നു. കൊടിയേറി അഞ്ചുദിവസവും പറയെടുപ്പ് പതിവുണ്ട്. കൊടിയേറി പാട്ട് കുറയിട്ടാൽ ശ്രീമൂലസ്ഥാനത്തേക്ക് പോഴത്തിലേക്ക് പുറപ്പെടുന്നു. വഴിയിൽ വേങ്ങശ്ശേരി വിഷ്ണുക്ഷേത്രത്തിൽ പറവെപ്പുണ്ട്. പോഴത്തില്ലത്തുള്ള മച്ചിൽ ഭഗവതിയെ ഇറക്കി പൂജിക്കുന്നു. തിരിച്ചുവന്നാൽ കുളത്തിൽ ആറാട്ട്, നവകാഭിഷേകത്തോടെ പൂജ, ശ്രുഭൂതബലി ഇത്രയും താന്ത്രിക കർമ്മങ്ങൾ നിർവ്വഹിക്കണം. തുടർന്ന് കളംപൂജ, അത്താഴം, പൂജ ഇതാണ് ക്രമം. പാട്ടുതാലപ്പൊലിയായതുകൊണ്ട് കൊടിയേറി കൊടിയിറങ്ങുന്നതുവരെ കളമെഴുത്തുപാട്ട് നിർബന്ധമാണ്.
മതിൽക്കുപുറത്ത് ഭഗവതിയെ എഴുന്നെള്ളിക്കുന്നത് ആനപ്പുറത്തേ പാടുള്ളൂ. രണ്ടാംദിവസം മുമ്പുപറഞ്ഞ തിരുവഞ്ചിക്കുഴി ശിവക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ചു പോകുന്നു. അവിടെയും ഇറക്കിപൂജ പതിവുണ്ട്. തിരിച്ചുവന്നാൽ കൊടിയേറ്റ ദിവസമുണ്ടായപോലെ ആറാട്ട് മുതലായവ വേണം. രാവിലത്തെ പൂജ കഴിഞ്ഞാൽ ഉച്ചപ്പാട്ട് നിർവ്വഹിച്ചിട്ടാണ് പറയ്ക്ക് എഴുന്നെള്ളിക്കുന്നത്. ഉച്ചപൂജ തിരിച്ചുവന്നേ പതിവുള്ളൂ.
മൂന്നാംദിവസം ചോറോട്ടൂർ ദേശത്ത് പറയെടുക്കുന്നു. മുണ്ടത്തിൽപ്പറയാണാദ്യം. പിന്നീട് പരിത്തിപ്പുറ മനയ്ക്കൽ ഇറക്കിപൂജയുണ്ട്. അവിടെനിന്ന് തന്ത്രി ഗൃഹത്തിൽ എത്തി ഇറക്കിപൂജയുണ്ട്. ഭഗവതിയോടൊപ്പംവരുന്ന വാദ്യക്കാർക്കും മറ്റും ഉച്ചഭക്ഷണം ആറാട്ടുകഞ്ഞി തന്ത്രിഗൃഹത്തിലാണ്. ആറാട്ടുകഞ്ഞി കുടിക്കുന്നത് പ്രസാദം പോലെ കണക്കാക്കാറുണ്ട്. കൊടിയേറി നാലാം ദിവസം തൃക്കങ്ങോട്ടുദേശത്താണ് പറയെടുപ്പ്.
രണ്ടുമൂർത്തി ക്ഷേത്രത്തിൽ ഭഗവതിയുടെ തിടമ്പ് ‘മുഖമണ്ഡപത്തിൽ ഇറക്കിവെച്ചാണ് പൂജ. ഇറക്കിപൂജയും രണ്ടുമൂർത്തിയുടെ ഉച്ചപൂജയും ഒരേ സമയത്താണ് പതിവ്. ഉച്ചപൂജയും അത്താഴപൂജയും കഴിഞ്ഞാൽ മറ്റുപൂജകൾ ചുറ്റമ്പലത്തിൽ വെച്ചു നടത്താറില്ല. പ്രത്യേകിച്ച് രണ്ടുമൂർത്തി ക്ഷേത്രത്തിൽ.
അഞ്ചാംദിവസം താലപ്പൊലി – അന്ന് വെള്ളാടുദേശത്ത്
പറയെടുത്ത് ഉച്ചക്ക് ആറാട്ടു ഉച്ചപൂജ, ശ്രീഭൂതബലി ഇവ നടക്കുന്നു. ശ്രീഭൂതബലിക്കുശേഷം കാവുതീണ്ടുന്നു എന്നാണ് സങ്കല്പ്പം. അതുകൊണ്ട് അത്താഴപൂജ പതിവില്ല. കളംപൂജക്കുണ്ടാകുന്ന അപ്പത്തിന് തണ്ണീരാമൃത് എന്നുപേര്. രാത്രി നിവേദിക്കുന്നു. ഈ ദിവസങ്ങളിലെല്ലാം ക്ഷേത്രപാലന് കലശാഭിഷേകത്തോടെ വിശേഷാൽ പൂജയുണ്ട്. താലപ്പൊലിദിവസം പകൽപ്പൂരത്തിന് തിടമ്പ് എഴന്നെള്ളിക്കാറില്ല. രാത്രി പാട്ടുകഴിഞ്ഞ് താലം കൊളുത്താൻ ആനപ്പുറത്ത് തിടമ്പ് എഴുന്നെള്ളിക്കാറുമുണ്ട്. പറയെടുപ്പ് എന്നാൽ തന്റെ ഭക്തരെ കാണാൻ ദേവി എഴുന്നെള്ളുകയാണ്. നിറപറയും നിലവിളക്കു മായി നാം ദേവിയെ വരവേല്ക്കുകയാണ്. ആദ്യകാലങ്ങളിൽ മേൽജാതിക്കാരുടെ വീടുകളിൽ മാത്രമേ പറയെടുപ്പ് നടന്നിരുന്നുള്ളു. ഇന്ന അങ്ങനെയല്ല എല്ലാ വീടുകളിലും പറവെപ്പു നടത്തുന്നു. വളപ്പകത്തുചെന്ന് പറയെടുക്കാറില്ല. കുളത്തിൽ ആറാട്ടുകഴിഞ്ഞ് അകത്തേക്ക് എഴുന്നെള്ളിക്കുമ്പോൾ കൊടിമരച്ചുവട്ടിൽ പറവെയ്ക്കാൻ വിരോധമില്ല. നെല്ല്, അരി, പുഷ്പം, ശർക്കര, അപ്പം, മലര്, അവില് എന്നിങ്ങനെ വിവിധ ദ്രവ്യങ്ങൾ പറനിറച്ചുവെയ്ക്കാറുണ്ട്.
വലിയ ആറാട്ട് : ആറാംദിവസം വൈകുന്നേരം ദീപാരാധനയ്ക്ക
മുമ്പോ പിന്നോ കൊടിയിറക്കും. മുമ്പാണ് കൊടിയിറക്കിയത് എങ്കിൽ ദീപാരാധന കൊടിമരച്ചുവട്ടിൽ വെച്ചാണ് പതിവ്. ഇത്രയും ദിവസങ്ങളിൽ ക്ഷേത്രക്കുളത്തിലാണ് ആറാട്ട്. വലിയ ആറാട്ട് എന്നാൽ വാദ്യമേളങ്ങളോടെ പുഴയിൽ ആറാട്ടു നടത്തുന്നു എന്നാണ് സാരം.